നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിർ’ രംഗത്ത്; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ

  1. Home
  2. Trending

നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിർ’ രംഗത്ത്; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ

ins vagir


ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിർ’ മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി  മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്.

നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷമാണ് സേനയുടെ ഭാഗമായത്.

‘വാഗിറി’ന്റെ സവിശേഷതകൾ

∙ ഡീസലിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപ്പെട്ട (സ്കോർപീൻ ക്ലാസ്) അഞ്ചാമത്തെ മുങ്ങിക്കപ്പൽ.
∙ യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കാൻ കെൽപുള്ള മിസൈലുകൾ വഹിക്കും.
∙ ഇന്ത്യൻ സമുദ്രത്തിൽ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിർ.
∙ നിർമാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച്.
∙ കടലിനടിയിൽ കുഴിബോംബുകൾ സ്ഥാപിക്കാം. ശത്രുപ്രദേശത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം.
∙ ശത്രുസേനയുടെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാൻ സ്റ്റെൽത് സാങ്കേതികവിദ്യ.
∙ ഇതിനു മുൻപ് ഇതേ പേരിലുള്ള മുങ്ങിക്കപ്പൽ സേനയ്ക്കുണ്ടായിരുന്നു. ആദ്യ വാഗിർ മുങ്ങിക്കപ്പൽ 1973 ഡിസംബർ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയിൽ നിർമിച്ചതായിരുന്നു ഇത്. 28 വർഷത്തെ സേവനത്തിനുശേഷം 2001 ജൂൺ ഏഴിനാണ് ഇത് ഡിക്കമ്മിഷൻ ചെയ്തത്.

വാഗിർ അടക്കം ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളാണു പുതിയതായി നാവികസേനയിൽ അണിചേരുന്നത്.  കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിർവണത്തിനുള്ള കാര്യശേഷി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കുണ്ട്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾ തകർക്കൽ, നിരീക്ഷണം, വിവരശേഖരണം, മൈനുകൾ നിക്ഷേപിക്കൽ തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളെ നിയോഗിക്കാനാകും. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയവയും സവിശേഷതകൾ.

കൽവരി, ഖണ്ഡേരി, കരഞ്ജ്, വേല എന്നിവയ്ക്കൊപ്പം വാഗിറും സേനയുടെ ഭാഗമായതോടെ കടൽക്കരുത്തിന്റെ പുതുയുഗത്തിലാണ് ഇന്ത്യൻ നാവികസേന. അവസാന കപ്പലായ വാഗ്ഷീർ നിർമാണ ഘട്ടത്തിലാണ്. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സാങ്കേതിക സഹായത്തോടെ ‘പ്രോജക്ട് 75’ എന്ന പേരിലാണ് ഈ സ്കോർപീൻ മുങ്ങിക്കപ്പൽ നിർമിച്ചിരിക്കുന്നത്. നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യുന്നതിനു മുൻപ് ആറാമത്തെ മുങ്ങിക്കപ്പലായ വാഗ്ഷീർ തുറമുഖത്തും കടലിലും കർശന പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കി വരികയാണ്.