പിഎഫ്ഐയുടെ പേര് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ല; പി.എം.എ സലാം

  1. Home
  2. Trending

പിഎഫ്ഐയുടെ പേര് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ല; പി.എം.എ സലാം

pma



പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറഞ്ഞ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടുന്ന നടപടികള്‍ക്കിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ അകാരണമായി ജപ്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്തവരോടുള്ള ഈ നീചപ്രവര്‍ത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി എം എ സലാം പറഞ്ഞു.

മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് ജനപ്രതിനിധികളടക്കം ജപ്തി നടപടി നേരിടുന്നവരിലുണ്ട് എന്നത് ഗൗരവമുളളതാണ്. കോടതി നിര്‍ദ്ധേശപ്രകാരം പൊതു മുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നഷ്ടം ഈടാക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല.

എവിടുന്നാണ് ഇവര്‍ക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നിയമസഭയില്‍ മുസ്ലിംലീഗ് ഇക്കാര്യം അവതരിപ്പിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ പ്രതികരിക്കണം. അപരാധികള്‍ ശിക്ഷിക്കപ്പെടണം, എന്നാല്‍ അതിന്റെ പേരില്‍ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണ്. പിഎംഎ സലാം പ്രതികരിച്ചു.

പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയുടെ സ്ഥാപങ്ങള്‍ എന്‍ഐഎ അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംഘടന കേരളത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. അക്രമാസക്തമായ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേരളമൊട്ടാകെ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, കണ്ടുകെട്ടല്‍ നടപടികള്‍ക്കിടയില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം ജപ്തി ചെയ്തതായാണ് ഉയരുന്ന പരാതി.