ജോളി തേടിയത് മുഹമ്മദ് അലിയെ, ഇരയായത് ജീവനക്കാരി സൂര്യ; കൊച്ചിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  1. Home
  2. Trending

ജോളി തേടിയത് മുഹമ്മദ് അലിയെ, ഇരയായത് ജീവനക്കാരി സൂര്യ; കൊച്ചിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

attack


 എറണാകുളം നഗരത്തില്‍ രവിപുരത്ത് വീസ തട്ടിപ്പിന് ഇരയായി യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ലക്ഷ്യമിട്ടത് സ്ഥാപനം ഉടമ ആലുവ സ്വദേശി മുഹമ്മദ് അലിയെ. കോവിഡിനു തൊട്ടു മുന്‍പ് 2019ല്‍ പള്ളുരുത്തി സ്വദേശി ജോളിക്ക് ലിത്വാനിയയിലേക്കു വര്‍ക്ക് വീസ നല്‍കാമെന്ന് മുഹമ്മദ് അലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും ചോദിക്കുമ്പോഴെല്ലാം പണം നല്‍കാതെ മുങ്ങി നടന്നെന്നുമാണ് ഇയാളുടെ മൊഴി. ഇന്ന് ജോളി ഇവരുടെ ഓഫിസില്‍ എത്തിയപ്പോള്‍ റെയ്സ് ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചു. ഇതോടെ ജോളി ഇവരെ കത്തി ഉപയോഗിച്ചു കഴുത്തിനു കുത്തുകയായിരുന്നു.

കഴുത്തിനു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ സ്വദേശിനിയായ സൂര്യ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിച്ച പ്രകാരം സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐസിയുവില്‍ ചികിത്സയിലുള്ള യുവതിക്ക് ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജീവനക്കാരിക്കു കുത്തേല്‍ക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ട്രാവല്‍സ് ഉടമ മുഹമ്മദ് അലി, തൊട്ടുപിന്നാലെ വാഹനം എടുക്കാതെ അവിടെനിന്നു മുങ്ങിയെന്ന് സമീപത്തെ കടകളിലുള്ളവര്‍ പറയുന്നു. സ്വന്തം കാര്‍ പോലും എടുക്കാതെ സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നത്രെ. അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി മൊഴി നല്‍കിയിട്ടുണ്ട്.വീസ നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത റെയ്സ് ട്രാവല്‍സ് ഉടമയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെന്നാണ് ജോളി വെളിപ്പെടുത്തിയത്. യുവതിയെ കുത്തുമ്പോള്‍ സ്ഥാപന ഉടമ എത്തുമെന്നും, അപ്പോള്‍ അയാളെയും ആക്രമിക്കാമെന്നുമാണ് പ്രതീക്ഷിച്ചത്. യുവതിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെത്തന്നെ തുടര്‍ന്നത് ഉടമ എത്തുന്നതിനു വേണ്ടിയാണെന്നും ജോളി മൊഴി നല്‍കി.

കുത്തേറ്റതിനു പിന്നാലെ യുവതി സ്ഥാപനത്തിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലിലേക്കാണ് ചോരയൊലിക്കുന്ന മുറിവുമായി ഓടിക്കയറിയത്. വിവരമറിഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ ചെല്ലുമ്പോള്‍ പ്രതി സ്ഥലത്തു തന്നെയുണ്ടായിരുന്നു. എന്തിനാണ് ഇതു ചെയ്തത് എന്ന ചോദ്യത്തിന്, തന്റെ പണം തട്ടിയെടുത്തതിനാണെന്നും ഉടമയെയാണ് ലക്ഷ്യമിട്ടതെന്നും ജോളി മറുപടി നല്‍കി.
അതേസമയം, സ്ഥാപന ഉടമയെ കൊലപ്പെടുത്താനായി വടിവാള്‍ സംഘടിപ്പിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ലെന്നും കിട്ടിയതു കത്തിയായതിനാലാണ് ഇതുമായി വന്നതെന്നുമായിരുന്നു ജോളി പറഞ്ഞത്.