ഇന്ത്യയെ ലോകം ആദരത്തോടെ ‌നോക്കുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

  1. Home
  2. Trending

ഇന്ത്യയെ ലോകം ആദരത്തോടെ ‌നോക്കുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

murmu


കോവിഡ് തീർത്ത പ്രതിസന്ധികളിൽനിന്നു രാജ്യത്തെ മിക്ക മേഖലകളും പുറത്തു കടന്നതായും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 74–ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ കഴിഞ്ഞ വർഷം മാറി. ലോകമെമ്പാടും അനിശ്ചിതത്വം നിറഞ്ഞിരിക്കുമ്പോഴാണ് ഇന്ത്യയുടെ നേട്ടം. ലോകം ഇന്ത്യയെ ആദരത്തോടെ നോക്കിത്തുടങ്ങി.

ശരിയായ വേദിയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി.–രാഷ്ട്രപതി പറഞ്ഞു. ഇക്കൊല്ലത്തെ ചെറുധാന്യങ്ങളുടെ വർഷമായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ, നക്ഷത്രങ്ങളിൽ നാമെത്തുമ്പോഴും നിലത്തു തന്നെയായിരിക്കുമെന്നായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.

വ്യവസായവൽക്കരണത്തിന്റെ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയ ഗാന്ധിജി യഥാർഥ പ്രവാചകനായിരുന്നുവെന്നു രാഷ്ട്രപതി ഓർമിപ്പിച്ചു. ഭരണഘടനയ്ക്ക് അന്തിമരൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ബി.ആർ.അംബേദ്കർ, ബി.എൻ.റാവു ഉൾപ്പെടെയുള്ളവരെയും രാഷ്ട്രപതി അനുസ്മരിച്ചു. 

‘രാജ്യമെന്ന നിലയിൽ നാമൊന്നിച്ചു നേടിയതിന്റെ ആഘോഷമാണു റിപ്പബ്ലിക് ദിനാഘോഷം. കർഷകരും സൈനികരും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും ചേർന്നാണ് ഇന്ത്യയെന്ന റിപ്പബ്ലിക്കിന്റെ വിജയഗാഥയെഴുതിയത്. അവരെ നമിക്കുന്നു, എല്ലാവർക്കും ആശംസകൾ.’ – ദ്രൗപദി മുർമു