‘മാറിനില്‍ക്കടാ, എനിക്ക് ജോലിക്ക് പോകണം': പ്രതിഷേധക്കാരോട് വാക്കേറ്റം നടത്തി സെക്രട്ടേറിയറ്റ് ജീവനക്കാരി

സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വാക്കേറ്റം. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നത്.
ഒരു ജീവനക്കാരി പ്രതിഷേധക്കാരോടു കയർക്കുന്നതും എന്തുവന്നാലും ജോലിക്കുകയറുമെന്നും പറയുന്നുണ്ട്. വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രതിഷേധക്കാരുടെയും ജീവനക്കാരിയുടെയും ഇടയിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
‘‘എനിക്ക് ജോലി ചെയ്യണം. എന്റെ ജോലി തടസ്സപ്പെടുത്താൻ പാടില്ല. ഒരു തടസ്സവും ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. പറ്റില്ല. നിങ്ങൾക്ക് സമരം ചെയ്യാം. പക്ഷേ, എനിക്ക് ജോലിക്കു പോകണം’’ – അവർ പറഞ്ഞു. ഞാൻ പോകുമെന്നു അവർ പറയുമ്പോൾ പോകില്ലെന്ന് പ്രതിഷേധക്കാരും തിരിച്ചു പറയുന്നു. മാറി നിൽക്ക് എന്നവർ പറയുമ്പോൾ ഇല്ല എന്നും പ്രതിഷേധക്കാർ തിരിച്ച് ആക്രോശിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.