വയനാട് നമ്പ്യാർകുന്നിൽ നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി കുടുങ്ങി

കേരള-തമിഴ്നാട് അതിർത്തിയായ വയനാട് നമ്പ്യാർകുന്നിൽ ആഴ്ചകളായി ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി. നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയാണ് വനം വകുപ്പിൻറെ കൂട്ടിൽ വീണത്. പുലിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ഒന്നരയോടെ ഒരു വീട്ടിലെ കോഴിയെ പിടികൂടിയ പുലി സമീപത്തുവെച്ച വനം വകുപ്പിൻറെ കൂട്ടിൽ കുടുങ്ങുകയായിരുന്നു. കൂട്ടിനുള്ളിൽ കെണിയായി വച്ചിരുന്ന ആടിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പുലി. നാട്ടുകാരാണ് പുലി കൂട്ടിൽ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്.
മുമ്പ് സുൽത്താൻ ബത്തേരി നഗരത്തിൽ മൈസൂർ റോഡിൽ കോട്ടക്കുന്നിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിൻറെ വീടിൻറെ പരിസരത്താണ് പുലി നിരവധി തവണ എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിൻറെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ബത്തേരി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന ഫെയർലാൻഡ് കോളനി ഭാഗത്താണ് പുലിയെ ആദ്യമായി കണ്ടത്. പിന്നീട് പുലി കോട്ടക്കുന്ന് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കോട്ടക്കുന്നിന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് വനം.