അൻസിബയുടെ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കം; ഗൂഢാലോചന സംശയിക്കുന്നതായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ

  1. Home
  2. Trending

അൻസിബയുടെ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കം; ഗൂഢാലോചന സംശയിക്കുന്നതായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ

swetha menon


നടി അൻസിബ ഹസ്സൻ, നടനും സഹപ്രവർത്തകനുമായ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കടുത്ത പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ (AMMA) പ്രസിഡന്റ് ശ്വേത മേനോൻ. അൻസിബയുടെ ഈ നീക്കത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും ഇതിൽ ഗൂഢാലോചന സംശയിക്കുന്നതായും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു പരാതി ഉയർന്നുവന്നത് യാദൃശ്ചികമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയാൻ അൻസിബയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവർ ഫോൺ എടുത്തില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ശേഷമാണ്, ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അൻസിബയുടെ പരാതി സംഘടനയ്ക്ക് ഔദ്യോഗികമായി ലഭിക്കുന്നത്. പരാതി 'അമ്മ'യുടെ നിലവിലുള്ള ഭരണഘടനാ രീതികൾക്ക് അനുസരിച്ച് കൃത്യമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു.

ഈ മാസം 12-നാണ് അൻസിബ സംഘടനയിൽ നിന്നുള്ള തന്റെ രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ആ രാജിക്കത്തിൽ പോലും ടിനി ടോമിനെതിരായ യാതൊരുവിധ പരാതിയും അവർ പരാമർശിച്ചിരുന്നില്ല. മുൻപ് പോലീസിൽ നൽകിയ ഒരു പരാതിയെക്കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചിട്ടുള്ളതെന്നും, പോലീസ് കേസ് ആയതിനാൽ സംഘടനയ്ക്ക് അതിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കിയതാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. സംഘടനയുടെ പരിപാടിയിൽ ഒരു മതസ്ഥാപനത്തെ സ്പോൺസറാക്കിയതുമായി ബന്ധപ്പെട്ട് മുൻപ് നടന്ന കമ്മിറ്റിയിൽ അൻസിബ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം അംഗങ്ങളും സ്പോൺസർഷിപ്പിനെ അനുകൂലിക്കുകയാണുണ്ടായത്. എന്തുതന്നെയായാലും അൻസിബയുടെ ഭാഗം കൂടി കേട്ട ശേഷം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ പരാതി വിശദമായി പരിശോധിക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.