'സിദ്ദിഖ് എവിടെയെന്ന്' ചോദിച്ച് പുലർച്ചെ പൊലീസ് വീട്ടിലെത്തി; സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തു; ബന്ധുക്കൾ, നിഷേധിച്ച് പൊലീസ്
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവർ പറയുന്നു. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പോലീസ് പറയുന്നത്.
സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.