24 കൊല്ലത്തിന് ശേഷം ജലന്ധര്‍ കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത് എഎപി

24 കൊല്ലമായി കോണ്‍ഗ്രസ് ഭരിച്ച ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എഎപി. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ സുശീല്‍ കുമാര്‍ റിങ്കുവായിരുന്നു എഎപി സ്ഥാനാർഥിയായി മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കരംജീത് കൗറിനേക്കാള്‍ 58,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുശീൽ കുമാർ വിജയിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതം വന്ന് മരിച്ച സന്തോഖ് ചൗധരിയുടെ പത്‌നിയാണ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കരംജീത് കൗര്‍. സന്തോഖ് ചൗധരി മരണത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മണ്ഡലത്തിലെ വിജയത്തിലൂടെ ലോക്‌സഭയിലേക്ക് പഞ്ചാബ് എഎപിയുടെ പുനഃപ്രവേശനമാണ് സാധ്യമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എഎപിയുടെ ആദ്യ എംപി ഭഗവന്ത് മന്‍ രാജിവെച്ചിരുന്നു. ഇതോടെ എഎപിയ്ക്ക് ലോക്‌സഭയില്‍ ആകെയുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടമായി.
എഎപിയുടെ ഈ അപ്രതീക്ഷിതവിജയം മന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിന്റെ ഫലമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ ഉത്തരവാദിത്വവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.