എ ബി ഡിവില്ലിയേഴ്സിൻറെ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ 10 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്
ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ എ ബി ഡിവില്ലിയേഴ്സിൻറെ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ 10 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്. 41 പന്തിൽ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിൻറെയും 29 റൺസുമായി പുറത്താകാതെ നിന്ന ഹാഷിം അംലയുടെയും ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 12.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 51 പന്തിൽ 116 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് 15 ഫോറും ഏഴ് സിക്സും പറത്തി. ലിയാം പ്ലങ്കറ്റിൻറെ ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും പറത്തി 21 പന്തിൽ അർധസെഞ്ചുറി തികച്ച ഡിവില്ലിയേഴ്സ് പിന്നീട് 20 പന്തിൽ സെഞ്ചുറിയിലെത്തി. 32 പന്തിൽ 75 റൺസിലെത്തിയ ഡിവില്ലിയേഴ്സ് ദിമിത്രി മസ്കാരനസിൻറെ ഓവറിൽ തുടർച്ചയായി സിക്സുകൾ പറത്തിയാണ് 90കളിൽ എത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണർ ഫിൽ മസ്റ്റാർഡ്(39), സമിത് പട്ടേൽ, ക്യാപ്റ്റൻ ഓയിൻ മോർഗൻ(20) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ചാമ്പ്യൻസിനെ തകർത്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസാണ് പോയൻറ് പട്ടികയിൽ ആറ് പോയൻറുമായി ഒന്നാം സ്ഥാനത്ത്. രണ്ട് കളികളിൽ മൂന്ന് പോയൻറുള്ള ഓസ്ട്രേലിയ ചാമ്പ്യൻസ് രണ്ടാമതുള്ളപ്പോൾ പാകിസ്ഥാൻ ചാമ്പ്യൻസ് ആണ് മൂന്നാമത്. പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിൻമാറുകയും ദക്ഷിണാഫ്രികക്കെതിരായ മത്സരത്തിൽ നിന്ന് പിൻമാറുകയും ചെയ്ത ഇന്ത്യ ചാമ്പ്യൻസ് അവസാന സ്ഥാനത്താണ്.
