സുരേഷ് ഗോപിക്ക് വേണ്ടി 'ശ്രീരാമ'ന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയുടെ വോട്ടഭ്യര്‍ഥന: പരാതിയുമായി എല്‍ഡിഎഫ്

  1. Home
  2. Trending

സുരേഷ് ഗോപിക്ക് വേണ്ടി 'ശ്രീരാമ'ന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയുടെ വോട്ടഭ്യര്‍ഥന: പരാതിയുമായി എല്‍ഡിഎഫ്

suresh gopi


മതവിശ്വാസത്തിന്റെ പേരില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ വച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി. അബ്ദുള്ളക്കുട്ടിയുടെ പ്രവൃത്തി 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 171 ഇ പ്രകാരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും പരാതിയില്‍ പറയുന്നു. 

'ശ്രീരാമ ഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യണം' എന്ന അഭ്യര്‍ഥനയാണ് എ.പി അബ്ദുള്ളക്കുട്ടി നടത്തിയത്. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ഹിന്ദുമത വിശ്വാസികള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അബ്ദുള്ളക്കുട്ടി ഇത്തരത്തില്‍  വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി സുരേഷ് ഗോപിക്കെതിരെയും  അബ്ദുള്ളക്കുട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് പരാതിയില്‍ ആവശ്യപ്പെട്ടു.