കേരളത്തിൽ ആസിഡ് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി പരിസ്ഥിതി ഗവേഷകർ

  1. Home
  2. Trending

കേരളത്തിൽ ആസിഡ് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി പരിസ്ഥിതി ഗവേഷകർ

acid rain


കേരളത്തിൽ വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി പരിസ്ഥിതി ഗവേഷകർ. ഈ വർഷത്തെ ആദ്യ വേനൽ മഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായുനിലവാര സൂചിക അനുസരിച്ച് 2022 ഓഗസ്റ്റ് മുതൽ കൊച്ചിയിലെ വായുനിലവാരം മോശമാണ്. ഇതിനു പിന്നാലെ ബ്രഹ്മപുരത്ത് തീപിടിത്തം കൂടെ ഉണ്ടായതോടെ വായുവിലെ രാസമലിനീകരണ തോത് വർധിച്ചെന്നാണ് പഠനങ്ങൾ പറയുന്നത്. രാസബാഷ്പ കണികകൾ കൂടാതെ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വർധിച്ചിട്ടുണ്ട്. 

പെട്രോളിയം ഉത്പന്നങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തിന് ആയിരക്കണക്കിന് കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഈർപ്പവുമായി കൂടി ചേരുന്നതിനു മുൻപ് ഇവ ആസിഡായി മാറുകയും മഴയായി വീഴുകയും ചെയ്യും. ഇതിനെയാണ് പൊതുവേ ആസിഡ് മഴ എന്ന് വിളിക്കാറുള്ളത്. ചില സമയങ്ങൾ ഇത് മഞ്ഞ്, ആലിപ്പഴം, മൂടൽമഞ്ഞ് എന്നിവയുടെ രൂപത്തിലും സംഭവിക്കാം. 

ആസിഡ് മഴ പെയ്യുന്നത് സർവ ജല-ഭൗമ ജീവികൾക്കും ഗുരുതരമായ നാശം ഉണ്ടാക്കും. കടലിലെ ജീവജാലങ്ങളെ ബാധിക്കുന്നതിനാൽ അവയെ പുനരുജ്ജീവിപ്പിക്കുന്നത് വരെ ആ വെള്ളം കുടിക്കുന്നതിനായി ഉപയോഗിക്കാനാകില്ല. ആസിഡ് മഴ പെയ്യുമ്പോൾ നിരവധി രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളെയും നശിപ്പിക്കും. പ്രതിമകൾ, സ്മാരകങ്ങൾ എന്നിവയുടെ നിറം മാറുന്നതിനും, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് വർദ്ധിക്കുന്നതിനും ആസിഡ് മഴ കാരണമാകും.