മുഖ്യമന്ത്രിയെ അടക്കം വിമർശിച്ച് കുറിപ്പ്; ഉദ്യോഗസ്ഥനെതിരെ നടപടി: സ്ഥലംമാറ്റം

  1. Home
  2. Trending

മുഖ്യമന്ത്രിയെ അടക്കം വിമർശിച്ച് കുറിപ്പ്; ഉദ്യോഗസ്ഥനെതിരെ നടപടി: സ്ഥലംമാറ്റം

umash


 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് യു വിനെതിരെ സ്ഥലംമാറ്റ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ്  ഉമേഷിനെ സ്ഥലംമാറ്റിയത്.

ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ ഉമേഷ് വിമർശിച്ചിരുന്നു. 'നായ്ക്കാട്ടം കഴുകിയാ നന്നാവൂല എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്, കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ലെന്ന്' തുടങ്ങുന്ന കുറിപ്പിന്‍റെ അവസാന ഭാഗത്ത് 'ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?' എന്നാണ് ഉമേഷ് വിമർശിച്ചത്.

ഉമേഷ് വള്ളിക്കുന്നിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

"നായ്ക്കാട്ടം കഴുകിയാ നന്നാവൂല" എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.
അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോൾ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി..
പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട്  എന്നിങ്ങനെ അത്തറും ഊദും കൊണ്ട്  നാറ്റം മാറ്റാൻ തമ്പ്രാക്കന്മാർ തന്നെ ഇറങ്ങി.  അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി  കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!
ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?