അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് നടൻ ദേവൻ

  1. Home
  2. Trending

അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് നടൻ ദേവൻ

 devan  


താരസംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് നടൻ ദേവൻ. മോഹൻലാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായത് ചെറിയ പ്രശ്നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവൻ കൂട്ടിച്ചേർത്തു. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹൻലാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും ദേവൻ പറഞ്ഞു.

"സംഘടന തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാർക്ക് വേണ്ടി ചെലവിട്ടതാണ്. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹൻലാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും" ദേവൻ പറഞ്ഞു. "ആരോപണ വിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് തോല്പിക്കാൻ അവകാശമുണ്ട്. ദിലീപിനെ നിയമം പോലും നോക്കാതെ ആണ് പുറത്താക്കിയത്. പ്രൊഫഷണൽ ബന്ധം കൊണ്ട് അധികാരം ലഭിക്കില്ല. സിദ്ദിഖ് ആരോപണം വന്ന ഉടൻ രാജിവെച്ചു. ഇടവേള ബാബു, വിജയ് ബാബു എന്നിവരും ഉടൻ രാജിവെച്ചു.

ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത്ത് ശ്വേത മേനോൻ വന്നാൽ അത് ശ്വേത മേനോനു നാണക്കേട് ആണ്. പുരുഷന്മാർ മാറി നൽകുന്ന സ്ഥാനത്തല്ല സ്ത്രീകൾ വരേണ്ടത്. തന്നെ ആരും സമവായത്തിന് ബന്ധപ്പെട്ടിട്ടില്ല. താൻ ഒറ്റക്കാണ്, തൻറെ കൂടെ വരാൻ ഇരുന്നവരെ പോലും തടഞ്ഞു. ആരാണ് തടഞ്ഞത് എന്നറിയില്ല. പ്രസ്സ് മീറ്റ് നടത്തിയാൽ നോമിനേഷൻ തള്ളും എന്ന് ഭീഷണി വന്നു. തള്ളിയാൽ കോടതിയെ സമീപിക്കുമെന്നും ദേവൻ പറഞ്ഞു. അമ്മ ഒരു സ്വകാര്യ പ്രസ്ഥാനം അല്ല പൊതുസ്വത്ത് ആണ്. സമൂഹത്തോട് സംഘടനകൾ ഒരു പ്രതിബദ്ധതയുണ്ട്. ഇതൊരു താര സംഘടന അല്ല, കഷ്ടത അനുഭവിക്കുന്ന നടി, നടന്മാർക്ക് വേണ്ടിയുള്ള സംഘടന ആണ്.

അമ്മക്ക് ഒറ്റ നിയമമേ ഉള്ളൂ, അത് വ്യക്തികൾക്ക് വേണ്ടി മാറ്റി എഴുതരുത്. ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കാനുള്ള പ്രശ്നമേ ഇപ്പോൾ ഉള്ളൂ. അമ്മ ഒരു പീഡനത്തെയും അനുകൂലിക്കുകയോ പ്രോത്സാഹിപ്പികുകയോ ചെയ്തിട്ടില്ല. എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹം. മമ്മൂട്ടിക്കോ, മോഹൻലാലിനോ അമ്മയെ കൊണ്ട് സാമ്പത്തിക ലാഭം ഇല്ല. മറ്റുള്ളവരെ സഹായിക്കാനാണ് ഈ സംഘടന. ദേവൻ പിന്മാറിയേക്കും എന്ന് ചിലർ വാർത്ത നൽകി. താൻ പിന്മാറണം എങ്കിൽ താൻ അല്ലെ തീരുമാനിക്കേണ്ടത്. ജഗദീഷ് പിന്മാറുന്നു എന്ന തരത്തിൽ വാർത്തകൾ കണ്ടു. അത് അദ്ദേഹത്തിൻറെ താല്പര്യമാണ്. ഏറെക്കുറെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെട്ടു.

ജയിക്കും എന്ന് തന്നെയാണ് വിശ്വാസം. ഒരു മൈനസ് മാർക്കും ഇല്ലാത്ത ആൾ ദേവൻ ആണെന്ന് നടീനടന്മാർ എല്ലാവരും പറഞ്ഞു. ആരോപണ വിധേയരായവർ മത്സരിക്കുന്നുണ്ടെങ്കിൽ അംഗങ്ങൾ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കണം. വേണ്ടാത്തവരെ പുറത്താക്കാൻ കൂടി വേണ്ടിയാണ് തെരഞ്ഞെടുപ്പ്. സംഘടനയിൽ സ്ത്രീ സമത്വം ഉണ്ടാവണം. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷൻ നൽകുന്ന ഔദാര്യമാകരുത്. അമ്മയിൽ ഒരിക്കലും കക്ഷി രാഷ്ട്രീയമില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മോഹൻലാലിന് നേരെ എല്ലാവരും വിരൽ ചൂണ്ടി. മോഹൻലാൽ‌ നേരിടേണ്ടി വന്ന കുറേ ചോദ്യങ്ങളുണ്ട്. എല്ലാവരും വിരൽ ചൂണ്ടിയത് മോഹൻലാലിന് എതിരായിട്ടായിരുന്നു. അത് ശരിയല്ലല്ലോ. ഇവിടെ ആരോപണവിധേയരായാവർക്ക് കുഴപ്പമില്ല. മോഹൻലാൽ എന്ന മഹാനടനെ വന്നിട്ട് എല്ലാ പത്രങ്ങളും ചോദ്യം ചെയ്യാൻ തുടങ്ങി. ഞാൻ ഇത്രയുമെല്ലാം ചെയ്തിട്ട് ഇപ്പോൾ ഇങ്ങനെയായല്ലോ, എനിക്കിനി ആ സ്ഥാനം വേണ്ട എന്ന് മോഹൻലാൽ എന്നോട് പറഞ്ഞു. അദ്ദേഹം ശരിക്കും വേദനിച്ചു, കണ്ണൊക്കെ നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ചത്". - ദേവൻ പറഞ്ഞു.