പീഡനപരാതി; നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് വിട്ടയച്ചു

  1. Home
  2. Trending

പീഡനപരാതി; നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് വിട്ടയച്ചു

Mukesh


നടിയുടെ പീഡനപരാതിയിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.

ലൈംഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹർജിയിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന ആക്ഷേപവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.