79-ാം വയസിൽ ഏഴാമത്തെ കുട്ടിയുടെ അച്ഛൻ; വെളിപ്പെടുത്തലുമായി റോബർട്ട് ഡി നീറോ

  1. Home
  2. Trending

79-ാം വയസിൽ ഏഴാമത്തെ കുട്ടിയുടെ അച്ഛൻ; വെളിപ്പെടുത്തലുമായി റോബർട്ട് ഡി നീറോ

Robert De Niro


ക്ലാസിക് ചിത്രം ​ഗോഡ്ഫാദർ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് റോബർട്ട് ഡി നീറോ. പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രചാരണത്തിരക്കിലാണ് അദ്ദേഹം. ഇതിന്റെ ഭാ​ഗമായി ഇ.ടി. കാനഡയ്ക്ക് നൽകിയ അഭിമുഖത്തിനിടെ താരം പറഞ്ഞ ഒരുകാര്യം കേട്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. 79 വയസുള്ള താൻ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി എന്നാണ് ഡി നീറോ വെളിപ്പെടുത്തിയത്.

രക്ഷാകർതൃത്വത്തേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് താൻ വീണ്ടും അച്ഛനായ കാര്യം ഡി നീറോ പറഞ്ഞത്. താരത്തിന് ആറുകുട്ടികളുണ്ടെന്ന കാര്യം അഭിമുഖത്തിനിടെ ചോദ്യകർത്താവ് ചൂണ്ടിക്കാട്ടി. എന്നാൽ ആറല്ല ഏഴ് കുട്ടികളാണ് ഇപ്പോഴുള്ളതെന്നും അടുത്തിടെയാണ് ഏഴാമത്തെ കുട്ടി ജനിച്ചതെന്നും ഡി നീറോ അവരെ തിരുത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പറഞ്ഞില്ല. ഡി നീറോയുടെ പ്രതിനിധി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡി നീറോയ്ക്ക് ആദ്യഭാര്യയായ ഡയാന ആബട്ടിൽ ഡ്രേന എന്ന മകളും റാഫേൽ എന്ന മകനുമുണ്ട്. ഡ്രേനയ്ക്ക് ഇപ്പോൾ 51 വയസുണ്ട്. റാഫേലിന് 46-ഉം. 1995-ൽ മുൻ കാമുകിയായ ടൂക്കീ സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവർക്കും ഇപ്പോൾ 27 വയസായി. 24-കാരനായ എലിയട്ട്, 11 വയസുള്ള മകൾ ഹെലൻ ​ഗ്രേയ്സ് എന്നിവരാണ് സൂപ്പർ താരത്തിന്റെ അഞ്ചാമത്തേയും ആറാമത്തേയും മക്കൾ. താരത്തിന്റെ മുൻ ഭാര്യയായ ​ഗ്രേയ്സ് ഹൈടവർ ആണ് ഇവരുടെ അമ്മ.

മാസം 26-നാണ് എബൗട്ട് മൈ ഫാദർ തിയേറ്ററുകളിലെത്തുക. സ്റ്റാൻഡപ് കൊമേഡിയനായ സെബാസ്റ്റ്യൻ മാന്നിസാൽക്കോ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ലോറാ ടെറൂസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.