നടൻ വിവേക് ഗോപൻ അരുവിക്കരയിൽ; ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളായി. ശ്രദ്ധേയമായ പല മാറ്റങ്ങളും ഈ പട്ടികയിലുണ്ട്. പ്രശസ്ത മിനിസ്ക്രീൻ താരം വിവേക് ഗോപൻ അരുവിക്കരയിൽ നിന്ന് ജനവിധി തേടും. നേരത്തെ താൻ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം അദ്ദേഹം മത്സരിക്കാൻ തയ്യാറാവുകയായിരുന്നു. 2021-ൽ ചവറയിൽ നിന്നാണ് വിവേക് ഗോപൻ മത്സരിച്ചിരുന്നത്.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മുതിർന്ന നേതാവ് കരമന ജയനെയാണ് ബിജെപി ഇത്തവണ രംഗത്തിറക്കുന്നത്. ഈ സീറ്റിലേക്ക് നടൻ കൃഷ്ണകുമാറിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും ഒടുവിൽ കരമന ജയന് നറുക്ക് വീഴുകയായിരുന്നു. പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും പീരുമേടിൽ വി. രതീഷും മത്സരിക്കും. ചവറയിൽ കെ.ആർ. രാജേഷിനെയും മാവേലിക്കരയിൽ അജിമോനെയും ബിജെപി സ്ഥാനാർത്ഥികളായി നിശ്ചയിച്ചു. അടൂരിൽ പന്തളം പ്രതാപനും നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായരും കോവളത്ത് ടി.എൻ. സുരേഷും ജനവിധി തേടും.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന യുവ നേതാക്കളായ ബി.എസ്. അനൂപിനും ആർ.എസ്. അരുൺ രാജിനും സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചു. ബി.എസ്. അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും മത്സരിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് അനൂപ് കോൺഗ്രസ് വിട്ടത്. ആർജെഡി വിട്ട് ഐഎസ്ജെഡിയിൽ ചേർന്ന ടി.എൻ. സുരേഷിനെയാണ് കോവളത്ത് ബിജെപി പിന്തുണയോടെ രംഗത്തിറക്കുന്നത്.
