നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ വീണ്ടും സമീപിച്ച് അതിജീവിത

  1. Home
  2. Trending

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ വീണ്ടും സമീപിച്ച് അതിജീവിത

high court


നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലുള്ള  മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

തന്‍റെ ഹ‍ർജിയിലാണ് ഹൈക്കോടതി അന്വേഷണം നടത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.

വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റഎ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് കണ്ടെത്തലിന് പിറകെയാണ് നടി കോടതിയെ നേരത്തെ സമീപിച്ചത്. മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നല്‍കിയിരുന്നു.

കേസ് അന്വേഷണം നീതി പൂര്‍വമായി നടത്തണമെന്നും ഫോണിന്‍റെ ഉടമയെ കണ്ടെത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം. തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനയിൽ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷൻസ് ജഡജ് അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.