'എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്'; കെ സുധാകരൻ

  1. Home
  2. Trending

'എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്'; കെ സുധാകരൻ

sudhakaran


മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന ചോദ്യവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത്. എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതില്‍ സംശയമില്ല. എ ഡി ജി പിക്കെതിരെ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം പോലും ജനങ്ങളുടെയും എല്‍ ഡി എഫിലെ ഘടകകക്ഷികളുടെയും കണ്ണില്‍പ്പൊടിയിടാനാണ്. പേരിന് ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എ ഡി ജി പിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

സി പി എം പ്രസ്ഥാനം ആര്‍ എസ് എസിന് സറണ്ടറായി. നേതാക്കളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍ എസ് എസ് നേതാക്കളെ കാണുകയാണ്. 1970 കാലഘട്ടം മുതല്‍ സി പി എമ്മും സംഘപരിവാറും തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കുന്നു. കണ്ണൂരില്‍ ആര്‍ എസ് എസ് വോട്ട് വാങ്ങിയല്ലെ പിണറായി അക്കാലത്ത്  വിജയിച്ച് എം എല്‍ എയായത്. ഇപ്പോഴും ആ ബന്ധം തുടരുന്നു. അതിന്റെ ബലത്തിലാണ് ഇത്രയേറെ കേസുകളുണ്ടായിട്ടും മുഖ്യമന്ത്രി പുറത്ത് ഇറങ്ങി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഏതെങ്കിലും ഒരു കേസില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായോ? എസ്എന്‍സി ലാവ്‌ലിന്‍ കേസ് എത്രതവണയാണ് മാറ്റിവെച്ചത്? മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, മാസപ്പടി, ലൈഫ് പദ്ധതിയിലെ അഴിമതി തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയായി?  ഇതെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും സുധാകരൻ പറഞ്ഞു.