ജൂൺ അഞ്ച് മുതൽ എ.ഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങും; കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല

കേരളത്തിൽ എ.ഐ ക്യാമറകളിൽ പതിയുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. എന്നാൽ കേന്ദ്ര സർക്കാറിന്റെ തീരുമാനം അറിയുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്.
കേരളത്തിൽ പലയിടത്തായി സ്ഥാപിച്ച 732 എ.ഐ. കാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ മെയ് 20 മുതൽ പിഴയീടാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിമർശനം ശക്തമായ സാഹചര്യത്തിൽ ഇത് നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശവും ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനും എത്തും. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് തുടർ നടപടികളിലേക്ക് കടക്കും. ഇപ്പോൾ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ കണ്ടെത്തുക. ട്രയൽ റണിൽ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.