കർണാടക മുഖ്യമന്ത്രിയെ ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കും

  1. Home
  2. Trending

കർണാടക മുഖ്യമന്ത്രിയെ ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കും

d k shivakumar and siddaramaiah


കർണാടക മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കും. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. തീരുമാനം എടുക്കാനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഇന്നലെ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു. രാഹുൽ ഗാന്ധിയുമായി ഇന്നു ഡൽഹിയിൽ ചർച്ച നടത്തിയശേഷമാകും പ്രഖ്യാപനം.

ഡൽഹിയിൽ എത്തിയ ഖർഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു ഇപ്പോഴത്തെ തീരുമാനം. നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഖർഗെയ്ക്കു റിപ്പോർട്ട് നൽകുക. സിദ്ധരാമയ്യ ഇന്നു വൈകിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ ‍ഡൽഹിയിൽ പോകണോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് ശിവകുമാർ പറഞ്ഞത്. അദ്ദേഹം ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് എംഎൽഎമാരുമായി ചർച്ച നടത്തുന്നുണ്ട്.

യോഗസ്ഥലത്തിന് പുറത്തുവെച്ച് സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അനുയായികൾ പ്രകടനം നടത്തി. ജനകീയതയും പ്രായവും പരിഗണയിച്ചാൽ സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിജയം ലഭിക്കാനായി ശിവകുമാർ പിസിസി പ്രസിഡന്റായി തുടരട്ടെയെന്നും അഭിപ്രായമുണ്ട്. രണ്ടുനേതാക്കൾക്കും ഒരുപോലെ സ്വീകാര്യമായ തീരുമാനം എടുക്കാനെന്ന നേതൃത്വം ശ്രമിക്കുന്നത്. 

ശിവകുമാറിന് ഇപ്പോൾ ഉപമുഖ്യമന്ത്രിപദവും രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിപദവും നൽകുന്നതു പരിഗണനയിലുണ്ടെങ്കിലും രാജസ്ഥാനിലും (മുഖ്യമന്ത്രി അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ്) ഛത്തിസ്ഗഡിലും (മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ – ടി.എസ്.സിങ് ദേവ്) ഈ ഫോർമുല നേതാക്കൾ തമ്മിലുള്ള പോരിനു വഴിവച്ചതു നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. സാമുദായികപ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുക