എയിംസ് കോഴിക്കോടല്ലെങ്കിൽ എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം: എംകെ രാഘവൻ

  1. Home
  2. Trending

എയിംസ് കോഴിക്കോടല്ലെങ്കിൽ എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം: എംകെ രാഘവൻ

mk-raghavan


കോഴിക്കോട് എയിംസ് എത്തിക്കുകയാണ് തന്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവൻ. തന്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം ജനം തന്റെ കൂടെ നിന്നുവെന്നും കൂട്ടിച്ചേർത്തു.

കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ  സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാൻ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ പാത വികസനം വൈകാൻ കാരണം കരാറുകാരനാണ്. മൂന്ന് വർഷം പണി മുടങ്ങി. ഇപ്പോഴത്തെ പ്രശ്‌നം യൂട്ടിലിറ്റി സർവീസ് സംസ്ഥാന സർക്കാർ വൈകിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തിൽ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും വ്യക്തമാക്കണം. 

കേരളത്തിന്റെ താൽപര്യം എയിംസ് കിനാലൂരിൽ വരുണമെന്നാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തി നൽകിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇനി ഭൂമിയാണ് വേണ്ടത്. അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കട്ടെ. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി കഴിഞ്ഞതാണ്. കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാരേയും ഇക്കാര്യത്തിൽ കാണും. എയിംസ് മലബാറിൽ വളരെ അത്യാവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ തീരുമാനവും അതാണ്. കോഴിക്കോട് എയിംസ് സ്ഥാപിക്കാൻ ജനകീയ മുന്നേറ്റത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി എടുക്കണം. കെ. മുരളീധരനെ കണ്ടത് തോൽവിയുടെ കാര്യങ്ങൾ അറിയാനാണ്. പാർട്ടി പ്രശ്‌നം പരിഹരിക്കും. പ്രതാപൻ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞതിനാലാണ് കെ മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിച്ചത്. മുരളീധരൻ മണ്ഡലം മാറിയത് അദ്ദേഹത്തിന്റെ സമ്മതത്തോടെ തന്നെയാണ്. പ്രതാപൻ മത്സരിക്കാൻ ഇല്ലെന്ന് എഐസിസിക്ക് കത്ത് നൽകി. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാനാണ് മുരളീധരൻ തൃശൂരിലേക്ക് മാറിയത്. കെ.മുരളീധരൻ രാഷ്ട്രീയം വിടില്ലെന്നും അദ്ദേഹം പറഞ്ഞു.