'പണിമുടക്കുകൾ കൊണ്ട് അട്ടിമറിക്കപ്പെട്ട സ്ഥലത്ത് എയിംസ് വരണം, അങ്ങനെ സുസ്ഥിരവികസനം സാധ്യമാക്കാം'; .സുരേഷ് ഗോപി
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിൻറെ സാമ്പത്തികവളർച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാൻഡ്രം പ്രൊഫഷണലുകൾ സംഘടിപ്പിച്ച ഇൻററാക്ടീവ് സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പണിമുടക്കുകൾ കൊണ്ട് പൂർണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിൻറെ മികച്ച സുസ്ഥിരവികസനം സാധ്യമാക്കാം. അത്തരമൊരു വികസനം റിയൽ എസ്റ്റേറ്റ്, വാടക വിപണികൾ ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വികസനത്തിനായി പുതിയ സോണുകൾ സൃഷ്ടിക്കപ്പെടണം. കാസർകോടിനാണ് എയിംസ് ആവശ്യമെങ്കിൽ അത് അവിടെ വരുമെന്നും അദ്ദേഹം.
വിപുലീകരണത്തിലൂടെ കൊച്ചി മെട്രോയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനാകും. മധുരയെ കമ്പം- തേനി വഴി വണ്ടിപ്പെരിയാർ-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി-കുമരകം-വൈക്കം, മുഹമ്മ എന്നിവിടങ്ങളിൽ ബന്ധിപ്പിക്കുന്ന നാലുവഴി പാലത്തിൻറെ നിർമാണം ആലപ്പുഴയെ തമിഴ്‌നാട്ടിലൂടെയും രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലൂടെയും ദേശീയപാതയുമായി ബന്ധിപ്പിക്കും. വയനാടിൻറെ പുനർനിർമാണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കൺസോർഷ്യം രൂപീകരിക്കണം.
സ്വാർത്ഥ താൽപര്യങ്ങൾക്കനുസൃതമാകാതെ ഫണ്ടുകളുടെ സമഗ്രമായ ഓഡിറ്റ് ആവശ്യപ്പെടുന്ന സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനാണ് കൺസോർഷ്യം രൂപീകരിക്കാൻ ആവശ്യപ്പെടുന്നത്. അർഹതപ്പെട്ട പ്രദേശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ശ്രദ്ധയും വിഭവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വികസനത്തിന് കൂടുതൽ നീതിപൂർവകമായ സമീപനം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.