വിമാനത്തിൽ മൂത്രമൊഴിക്കൽ കേസ്: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി

  1. Home
  2. Trending

വിമാനത്തിൽ മൂത്രമൊഴിക്കൽ കേസ്: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി

air india


ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ  സ്ത്രീയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ചട്ടലംഘനത്തിനും പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

നവംബർ 26 നാണ് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്.

പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒടുവിൽ ശ്രമകരമായ അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ വിചിത്രവാദമാണ് പ്രതി ഉന്നയിച്ചത്. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നും നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ  ആരോഗ്യപ്രശ്നമുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ദില്ലി പട്യാല കോടതിയിലാണ് പ്രതി ശങ്കര്‍ മിശ്ര ഇത്തരം വാദമുയർത്തിയത്. ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി വാദിച്ചു. എന്നാൽ ഇത് തള്ളിയ കോടതി, ഉന്നത ബന്ധങ്ങളുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പൊലീസ് വാദം കണക്കിലെടുത്ത് ശങ്കര്‍ മിശ്രക്ക് കോടതി ജാമ്യം നിഷേധിച്ചു. 

പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കർ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയിരുന്നു. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പും നൽകി.