വായു മലിനീകരണം മാറ്റമില്ലാതെ തുടരുന്നു; ഡൽഹിയിൽ സിഎന്‍ജി, ഇലക്ട്രിക്ക് ഇതര ബസുകൾക്ക് നിയന്ത്രണം വന്നേക്കും

  1. Home
  2. Trending

വായു മലിനീകരണം മാറ്റമില്ലാതെ തുടരുന്നു; ഡൽഹിയിൽ സിഎന്‍ജി, ഇലക്ട്രിക്ക് ഇതര ബസുകൾക്ക് നിയന്ത്രണം വന്നേക്കും

delhi air


ഡൽഹിയിലെ വായു മലിനീകരണം മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിലെ മിക്കയിടങ്ങളിലും വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ്. ദീപാവലി ദിനത്തിൽ വായുനിലവാരം മെച്ചപ്പെട്ടിരുന്നെങ്കിലും അന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് വായുനിലവാരം വീണ്ടും മോശമായത്. അടുത്ത നാല് ദിവസം ഡൽഹിയിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ബവാന 442, ജഹാൻഗിർപുരി 441, ദ്വാരക 416, അലിപുർ 415, ആനന്ദ് വിഹാർ 412, ഐടിഒ 412, ഡൽഹി എയർപോർട്ട് 401 എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലത്തെ വായുഗുണനിലവാര സൂചിക. ഡൽഹിയിലെ പലയിടങ്ങളിലും ബുധനാഴ്ചയും ഇത് 400-ന് മുകളിലായിരുന്നു. ദീപാവലി ആഘോഷത്തിന് പിന്നാലെ തിങ്കളാഴ്ച വായുഗുണനിലവാര സൂചിക അതീവ ഗുരുതരനിലയായ 450 കടന്ന് 500-ന് മുകളിൽ എത്തിയിരുന്നു. മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. സിഎൻജി, ഇലക്ട്രിക്, ബിഎസ്-6 ഡീസൽ എൻജിൻ എന്നിവയിലല്ലാതെ ഓടുന്ന ബസുകൾക്ക് ഡൽഹിയിലേക്ക് പ്രവേശനം തടയുമെന്നാണ് റിപ്പോർട്ട്. ജിആർഎപി സ്റ്റേജ് 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. എന്നാൽ, ഇതിൽ ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിലേക്ക് പ്രവേശന നിരോധനമുള്ളത്.