ആലപ്പുഴയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാൽ പിതാവിൻ്റെ മരണത്തിൽ അതീവ ദുഃഖിതയായിരുന്നു ആസിയ.
ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയിൽ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കലാണ് ആലപ്പുഴയിലെ ഭർതൃവീട്ടിൽ ഇവർ വരാറുള്ളത്. ഇന്നലെ വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
വീട്ടുകാർ വിവരം നാട്ടുകാരെ കൂടി അറിയിച്ച ശേഷം ഇവരുടെ കൂടെ സഹായത്തോടെ ആസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആസിയയുടെ ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.