ഇറാനിലെ ഇന്ത്യക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

  1. Home
  2. Trending

ഇറാനിലെ ഇന്ത്യക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

trump  


ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. വരും മണിക്കൂറുകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, അടുത്ത 48 മണിക്കൂർ നേരം വീടിനുള്ളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്ന് എംബസി നിർദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെയും പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായതോടെയാണ് മേഖലയിൽ യുദ്ധഭീതി ശക്തമായത്. ഇറാന്റെ തിരിച്ചടി ഏതുസമയത്തും പ്രതീക്ഷിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. സൈനിക കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങൾ, ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൾ എന്നിവിടങ്ങളിൽ സന്ദർശനം പൂർണ്ണമായും ഒഴിവാക്കണം.

യാത്രകൾ അനിവാര്യമാണെങ്കിൽ എംബസി ഉദ്യോഗസ്ഥരുമായി മുൻകൂട്ടി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം പുറത്തിറങ്ങുകയും ചെയ്യുക. ഇറാനിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പൗരന്മാരും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അധികൃതർ അറിയിച്ചു.