ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

  1. Home
  2. Trending

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

ASFAQ


ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു. അഡ്വ ജി മോഹൻ രാജായിരുന്നു കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.