ആലുവ കേസിൽ വധശിക്ഷ; പ്രോസിക്യൂഷനും പോലീസ് സംഘത്തിനും ഇത് അഭിമാനനേട്ടം

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ പ്രോസിക്യൂഷനും പോലീസ് സംഘത്തിനും അഭിമാനനേട്ടം. റെക്കോഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘവും നിര്‍ണായകമായ തെളിവുകള്‍ കോടതിയില്‍ നിരത്തി വാദം നടത്തിയ പ്രോസിക്യൂഷനും കേസില്‍ വലിയ പങ്കാണ് വഹിച്ചത്.
അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി, കുറ്റകൃത്യം നടന്ന് 99-ാം ദിവസം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്നതും ഈ കേസിന്റെ പ്രത്യേകതയാണ്. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. പി. പ്രസാദ്, ഇന്‍സ്പെക്ടര്‍ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രമാദമായ പലകേസുകളിലും പ്രോസിക്യൂട്ടറായിരുന്ന ജി. മോഹന്‍രാജ് ആയിരുന്നു ആലുവ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
അഞ്ചല്‍ ഉത്ര വധക്കേസ്, കൊല്ലത്തെ വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും ജി. മോഹന്‍രാജായിരുന്നു പ്രോസിക്യൂട്ടര്‍. ഈ കേസുകളിലെല്ലാം പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങിനല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
2000-ല്‍ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായുള്ള മോഹന്‍രാജിന്റെ അരങ്ങേറ്റം തന്നെ കോളിളക്കമുണ്ടാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലായിരുന്നു. അതിനു ശേഷം കോട്ടയം എസ്.എം.ഇ. റാഗിങ്, എന്‍ട്രിക ലെക്‌സി കടല്‍ക്കൊല, ഉത്രവധം, വിസ്മയയുടെ സ്ത്രീധനപീഡനമരണം, കോവളത്ത് വിദേശ വനിതയുടെ കൊലപാതകം, ആവണീശ്വരം മദ്യദുരന്തം, ബ്യൂട്ടീഷന്‍ ചിത്ര പിള്ള വധം, സോളാര്‍കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം, മഹാരാജാസിലെ അഭിമന്യൂ വധം തുടങ്ങിയ കേസുകളിലെല്ലാം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായത് മോഹന്‍രാജാണ്. ചെറിയതുറ പോലീസ് വെടിവെപ്പ്, പുല്ലുമേട് ദുരന്തം തുടങ്ങിയവ അന്വേഷിച്ച കമ്മിഷനുകള്‍ക്ക് മുന്‍പാകെ സര്‍ക്കാരിനു വേണ്ടി ഹാജരായതും ഇദ്ദേഹംതന്നെ.
മോഹന്‍രാജിന്റേത് നിയമപാരമ്പര്യമുള്ള കുടുംബമാണ്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്നു അച്ഛന്‍ പുത്തൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടിയ മോഹന്‍രാജ് പ്രാക്ടീസ് തുടങ്ങിയത് 1994-ല്‍ അച്ഛന് കീഴില്‍ കൊല്ലത്താണ്. അതിനു ശേഷം കൊച്ചിയില്‍ അഡ്വ. എം.കെ. ദാമോദരന്റെ ജൂനിയറായി. കൊല്ലത്തേക്ക് തിരിച്ചുപോയതിനു ശേഷമാണ് അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകുന്നത്.