ആമസോൺ ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 ജെൻ 3 സ്‌മാർട്ട്‌ ഡിസ്‌പ്ലെ അവതരിപ്പിച്ചു

  1. Home
  2. Trending

ആമസോൺ ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 ജെൻ 3 സ്‌മാർട്ട്‌ ഡിസ്‌പ്ലെ അവതരിപ്പിച്ചു

  smart display  


ആമസോൺ ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 ജെൻ 3 സ്‌മാർട്ട്‌ ഡിസ്‌പ്ലെ (Echo Show 5 Gen 3) അവതരിപ്പിച്ചു. ഉപകരണത്തിന് മുൻഗാമിയേക്കാൾ വലിപ്പം കുറവാണെങ്കിലും കൂടുതൽ മെച്ചപ്പെട്ട ശബ്‌ദ സംവിധാനവും മൈക്രോഫോണും ഇതിൽ ആമസോൺ ഉൾപ്പെടുത്തിയിട്ടുണ്ട്. 10,999 രൂപയിലാണ് മൂന്നാം തലമുറ എക്കോ ഷോ 5 സ്‌മാർട്ട്‌ ഡിസ്‌പ്ലെയുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. വിൽപനയുടെ ആരംഭത്തിലെ ഓഫർ സഹിതമാണ് ഈ വില. ആമസോൺ ലിസ്റ്റ് ചെയ്‌തത് പ്രകാരം, സ്‌പീക്കർ ഉൾപ്പെടുന്ന ഈ സ്‌മാർട്ട് ഡിസ്‌പ്ലെയുടെ യഥാർഥ വില 11,999 രൂപയാണ്.

ഡിസൈനിൽ രണ്ടാം തലമുറ സ്‌മാർട്ട് ഡിസ്‌പ്ലെയുടെ സമാനതകൾ മൂന്നാം തലമുറ ഉപകരണത്തിനുമുണ്ട്. 5.5 ഡിസ്‌പ്ലെയാണ് മൂന്നാം തലമുറ എക്കോ ഷോ 5ന് ആമസോൺ നൽകിയിരിക്കുന്നത്. ഡിസ്‌പ്ലെയ്‌ക്ക് കൂടുതൽ മെച്ചപ്പെട്ട റൗണ്ടഡ് എഡ്‌ജുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയം. ടച്ച് സ്ക്രീൻ മോഡിലുള്ളതാണ് ഡിസ്‌പ്ലെ. ഏറ്റവും പുതിയതും വേഗമേറിയതുമായ എസ്സെഡ്2 ന്യൂറൽ എഡ്‌ജ് പ്രൊസസറിലാണ് രൂപകൽപന. മുൻ മോഡലിനേക്കാൾ മെച്ചപ്പെട്ട മൈക്രോഫോൺ ഈ ഡിവൈസിന് നൽകിയിട്ടുണ്ട് എന്നാണ് അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത്. സ്‌പീക്കറിലും ആമസോൺ അപ്‌ഗ്രേഡ് കൊണ്ടുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രൈവസി ഷട്ടർ സഹിതമുള്ള ബിൾട്ട്-ഇൻ ക്യാമറ ഉള്ളതിനാൽ ഇത് ഉപയോഗിച്ച് വീഡിയോ കോൾ സാധ്യമാകും. അലക്‌സ വഴി സംഗീതം പ്ലേ ചെയ്യുന്നതിനും സ്‌മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും അടക്കമുള്ള നിർദ്ദേശങ്ങൾ നൽകാനാകും.

ചാർക്കോൾ, ക്ലൗഡ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എക്കോ ഷോ 5 ജെൻ 3 ഇന്ത്യയിൽ ലഭ്യമാവുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളായ Amazon.in, Flipkart എന്നിവയും റിലയൻസ് ജിയോയുടെയും ക്രോമയുടെയും തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഉപകരണം വാങ്ങിക്കാം. അതേസമയം വലിയ എക്കോ ഷോ 8ന് 13,999 രൂപയും ഫ്ലാഗ്‌ഷിപ്പ് എക്കോ ഷോ 10ന് 24,999 രൂപയുമാണ് നിലവിൽ ഇന്ത്യയിലെ വില.