'മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം കുട്ടികൾക്ക് ലാഭത്തിനായി തമിഴിൽ ആരംഭിക്കൂ', സ്റ്റാലിനെതിരെ അമിത് ഷാ

  1. Home
  2. Trending

'മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം കുട്ടികൾക്ക് ലാഭത്തിനായി തമിഴിൽ ആരംഭിക്കൂ', സ്റ്റാലിനെതിരെ അമിത് ഷാ

Amit sha


 ഹിന്ദി ഭാഷ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാദവും വിവാദവും തമിഴ്‌നാട്ടിൽ വലിയ വികാരമാണ് രാഷ്‌ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് തമിഴിൽ എഞ്ചിനീയറിംഗ്-മെഡിക്കൽ വിദ്യാഭ്യാസം അവതരിപ്പിക്കണമെന്ന് അദ്ദേഹം സ്‌റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ റാണിപേട്ടിൽ സിഐഎസ്‌എഫ് 56-ാമത് റേസിംഗ് ഡേ ആഘോഷം ഉദ്‌ഘാടനം ചെയ്യവെയാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്.

സിഐഎസ്‌എഫ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ അവരുടെ പ്രാദേശിക ഭാഷയിൽ എഴുതാൻ അനുവദിച്ചത് മോദി സർക്കാരാണെന്ന് ഷാ പറഞ്ഞു. സെൻട്രൽ ആംഡ് പൊലീസ് സേനയിൽ ഇതുവരെ മാതൃഭാഷയിൽ പരീക്ഷ സാദ്ധ്യമായിരുന്നില്ല. ഇംഗ്ളീഷും ഹിന്ദിയും മാത്രമാണ് അനുമതി. എന്നാൽ 2023ൽ 13 പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇംഗ്ളീഷ്, ഹിന്ദി പരീക്ഷകളിൽ മാത്രമായിരുന്ന ഈ പരീക്ഷ പ്രാദേശിക ഭാഷകളിലും അനുവദിക്കണം എന്ന സ്‌റ്റാലിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് അന്ന് അനുമതി നൽകിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി നിർബന്ധമാക്കിയതിനെ വിമർശിച്ചാണ് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തത്. അമിത് ഷായുടെ മറുപടിയ്‌ക്ക് തിരികെ ശക്തമായ രീതിയിൽ സ്‌റ്റാലിൻ പ്രതികരിച്ചു. എൽ‌കെജി വിദ്യാർത്ഥി പിഎച്ച്‌ഡി സ്കോളർക്ക് ക്ളാസെടുക്കും പോലെയാണ് കേന്ദ്ര സമീപനമെന്നാണ് സ്‌റ്റാലിൻ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച് 2030ൽ പൂർത്തിയാക്കുമെന്ന് പറയുന്ന പലകാര്യങ്ങളും തമിഴ്‌നാട് ഇപ്പോഴേ നേടിക്കഴിഞ്ഞെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ദ്രാവിഡം ഡൽഹിയിൽ നിന്നും ആ‌ജ്ഞ സ്വീകരിക്കില്ലെന്നും എന്നാൽ രാജ്യം പിന്തുടരുന്ന നിർദ്ദേശം നൽകുമെന്നും സ്റ്റാലിൻ പറയുന്നു.