പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും, ചെങ്കോൽ സ്ഥാപിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അമിത് ഷാ

  1. Home
  2. Trending

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും, ചെങ്കോൽ സ്ഥാപിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അമിത് ഷാ

parliament


പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള ദീർഘവീക്ഷണത്തിന്റെ തെളിവാണെന്നും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. 

എന്നാൽ, ഉദ്ഘാടനം ഒറ്റക്കെട്ടായി ബഹരിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചത്. ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോൺഗ്രസ്, തൃണമൂൽകോൺഗ്രസ്, സിപിഎം, സിപിഐ, എൻസിപി, ആർജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് എം, ജെഎംഎം, എൻസി, ആർഎൽഡി, ആർഎസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കി. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് സ്വന്തം പ്രസ്താവനയാകും ഇറക്കുക.പാർലമെന്റിന്റെ അദ്ധ്യക്ഷ എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം പുതിയ പാർലമെന്റിൽ അധികാരമുദ്ര സ്ഥാപിക്കുമെന്ന് കേന്ദ്ര അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക.

ഈ ചെങ്കോൽ ബ്രിട്ടിഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനു കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തമിഴിലുള്ള ചെങ്കോൽ എന്ന പദം സൂചിപ്പിക്കുന്നതു നിറ സമ്പത്തിനെയാണ്. ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.