അമ്മ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിന്മാറിയേക്കും
താരസംഘടനയായ അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും നടൻ രവീന്ദ്രൻ പിന്മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും രവീന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും നടൻ ജഗദീഷും പിൻവാങ്ങിയേക്കും. ഈ മാസം 31 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പിന്മാറുന്നതു സംബന്ധിച്ച് മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമായി ചർച്ച നടത്തിയെന്നും, അവരുടെ അനുമതി ലഭിച്ചാൽ നാമനിർദേശ പത്രിക പിൻവലിക്കുമെന്നും ജഗദീഷ് സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത വരട്ടെയെന്നും ജഗദീഷ് സൂചിപ്പിച്ചതായാണ് വിവരം. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക്, മത്സരരംഗത്തുള്ള ശ്വേത മേനോന് സാധ്യതയേറുന്നതായാണ് സൂചന.
ജഗദീഷ് ഉൾപ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നുണ്ട്. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ആശ അരവിന്ദ്, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. അതേസമയം, ലൈംഗിക ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരരംഗത്തു നിന്നും മാറി നിൽക്കണമെന്ന് മുതിർന്ന നടിയായ മല്ലിക സുകുമാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരരംഗത്തു നിന്നും മാറി നിന്ന് ബാബുരാജ് മാതൃക കാണിക്കണമെന്ന് മല്ലിക പറഞ്ഞു.
