അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; പഞ്ചാബിൽ ഇന്റർനെറ്റ് സേവനം നാളെ വരെ വിലക്കി

  1. Home
  2. Trending

അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; പഞ്ചാബിൽ ഇന്റർനെറ്റ് സേവനം നാളെ വരെ വിലക്കി

punjab


പഞ്ചാബിലെ ഖലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്ര നിലപാട് ഉയർത്തിപ്പിടിക്കുന്ന 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവായ അമൃത്പാലിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് ശ്രമം തുടരുന്നതിനിടെയാണ്, ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 

അമൃത്പാൽ സിങ്ങിന്റെ വസതിയിൽ പഞ്ചാബ് പൊലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. പഞ്ചാബിലും സമീപപ്രദേശങ്ങളിലും പൊലീസ് വലവിരിച്ചതോടെ, അമൃത്പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി ഖലിസ്ഥാൻ അനുകൂലികളായ ഒട്ടേറെപ്പേരുമായി അദ്ദേഹം സമ്പർക്കം പുലർത്തുന്നതായി പൊലീസിനു സൂചന ലഭിച്ചു. നേപ്പാൾ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് വിവരം. അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പഞ്ചാബിൽ ഉടനീളം ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നാളെ വരെ വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. 

ഇന്നലെ മേഹത്പുരിൽ വച്ച് പഞ്ചാബ് പൊലീസ് വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങൾ മാറിക്കയറി അമൃത്പാൽ കടന്നുകളഞ്ഞു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പൊലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അമൃത്പാലിന്റെ ജൻമസസ്ഥലമായ അമൃത്സറിലെ ജല്ലുപുർ ഖേഡയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 3 കേസുകൾ നിലവിലുണ്ട്.

അനുയായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘം തോക്കുകളും വാളുകളുമേന്തി അമൃത്സറിലെ അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. എസ്പി ഉൾപ്പെടെ 6 പൊലീസുകാർക്ക് അന്നു പരുക്കേറ്റു.

ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാൽ സിങ് (29) 'ഭിന്ദ്രൻവാല രണ്ടാമൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ബന്ധുവിന്റെ ദുബായിലെ സ്ഥാപനത്തിൽ ജോലിക്കു കയറിയ ഇയാൾ, കഴിഞ്ഞ വർഷമാണു പഞ്ചാബിൽ മടങ്ങിയെത്തിയത്. 6 മാസം മുൻപാണ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാകുന്നത്. പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ മരണത്തിനു പിന്നാലെ അദ്ദേഹം സ്ഥാപിച്ച വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതൃസ്ഥാനം അമൃത്പാൽ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വധഭീഷണി മുഴക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിധി അമിത് ഷായ്ക്കും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.