'പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പൊലീസ്'; സിപിഎമ്മിന് മറുപടിയുമായി അൻവർ
സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നു എംഎൽഎ പിവി അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നും അൻവർ വിശദീകരിച്ചു.
മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അൻവർ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ അതു നടക്കാറില്ല. എംവി ഗോവിന്ദനു അങ്ങനെ മാത്രമേ പറയാൻ സാധിക്കു. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെ കാലത്തും അത് പ്രാവർത്തികമായിരുന്നെന്നും അൻവർ പ്രതികരിച്ചു.
പി.വി.അൻവറിന്റെ വാക്കുകൾ
വടകരയിൽ കെ.കെ. ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നതു പാർട്ടി സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണു സംസാരിക്കുന്നത്. പക്ഷേ ഒരു പ്രശ്നമുണ്ടായാൽ സാധാരണക്കാരായ പ്രവർത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അൻവർ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല.
ഇവനാരിത് ഇതൊക്കെ പറയാൻ, സംഘടനയുമായി ബന്ധമില്ലാത്തവൻ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാർട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാൻ പുറത്തുപോകില്ല. ഞാൻ കാവൽക്കാരനായി റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥനായി നിൽക്കും. ഞാൻ നിർത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും.