മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി അൻവർ; മുഖ്യമന്ത്രിയുടെ പ്രതികരണം താൻ സ്വർണക്കടത്ത് സംഘത്തിന്റെ ഭാഗം എന്ന തോന്നലുണ്ടാക്കി
പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കണ്ട് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം, പിവി അൻവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ഭാഗമെന്ന ധ്വനി ഉണ്ടാക്കിയെന്ന് അൻവർ പറഞ്ഞു. അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അൻവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങളടക്കമാണ് വാർത്താസമ്മേളനത്തിൽ ഒരുക്കിയത്.
'കൃത്യമായല്ല കേസന്വേഷണം നടക്കുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പരിതാപകരമാണ്. സ്വർണക്കടത്തിലെ അന്വേഷണവും കൃത്യമല്ല.സ്വർണക്കടത്ത് കേസന്വേഷണം വെറും പ്രഹസനമാണ്. റിദാൻ വധക്കേസ് അന്വേഷണത്തിൽ സിപിഎം തന്ന ഉറപ്പ് പാടേ ലംഘിക്കപ്പെട്ടു.' അൻവർ പറഞ്ഞു.
നേരത്തെ, ആത്മാഭിമാനം അതിത്തിരികൂടുതലാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കാണുന്ന കാര്യം അൻവർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. പി.ശശിക്കെതിരെയും എഡിജിഎി എം.ആർ അജിത്കുമാറിനുമെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന് പറഞ്ഞ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.