'ഓൺലൈനിൽ അപേക്ഷിച്ചാൽ മതി'; ആർക്കും വ്യവസായം തുടങ്ങാമെന്ന് പി രാജീവ്

  1. Home
  2. Trending

'ഓൺലൈനിൽ അപേക്ഷിച്ചാൽ മതി'; ആർക്കും വ്യവസായം തുടങ്ങാമെന്ന് പി രാജീവ്

p rajeev


ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി. രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.  

വിമാനമയച്ചപ്പോൾ സന്തോഷത്തോടെ അതിൽ കയറിപ്പോയി അവിടെത്തിയപ്പോൾ കമ്പനി തുടങ്ങാൻ 25 കോടി ഇലക്ടറൽ ബോണ്ടായി കൊടുക്കേണ്ടിവന്ന വ്യവസായികളെ ഇപ്പോൾ നമുക്കറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു. യാതൊരുവിധ ഇലക്ടറൽ ബോണ്ടും നൽകാതെ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഓൺലൈനിൽ അപേക്ഷയും നൽകി ആർക്ക് വേണമെങ്കിലും ഇവിടെ നിയമാനുസൃതം വ്യവസായം നടത്താമെന്നും മന്ത്രി പറഞ്ഞു.

ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ വിശദീകരണവുമായി ട്വന്‍റി ട്വന്‍റി പാർട്ടി അധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ് രം​ഗത്തുവന്നിരുന്നു. നിലനിൽപ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പണം നൽകിയതെന്നും പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്താൽ വന്നാൽ ട്വന്‍റി ട്വന്‍റി പാർട്ടി അവസാനിപ്പിക്കുമെന്നും സാബു എം ജേക്കബ്  പറഞ്ഞു.  

ജനാധിപത്യ രീതിയിൽ നിയമപരമായിട്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകിയതെന്ന് സാബു എം ജേക്കബിന്റെ പ്രതികരണം. 2023 ജൂലൈ മാസത്തിലാണ് കിറ്റക്സ് ഗാർമെന്‍റ്സും, കിറ്റക്സ് ചിൽഡ്രൻ വെയർ ലിമിറ്റഡും ഇലക്‌ടറൽ ബോണ്ട് വഴി സംഭാവന നൽകിയതായി രേഖകളിലുള്ളത്. കമ്പനി പുതിയതായി പ്ലാന്റ് സ്ഥാപിച്ച തെലങ്കാന ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് അതേ വർഷം നവംബർ മാസത്തിലായിരുന്നു.