' കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല,പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത് '; അപര്‍ണ ബാലമുരളി

  1. Home
  2. Trending

' കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല,പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത് '; അപര്‍ണ ബാലമുരളി

aparna balamurali


 എറണാകുളം ലോ കോളജില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍  എത്തിയ തനിക്ക് നേരെ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോള്‍ വേദിയില്‍ കയറിയ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപര്‍ണ.

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. 'കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി'-  അപര്‍ണ പറഞ്ഞു.

സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് എറണാകുളം ഗവ. ലോ കോളജ് യൂണിയന്‍. നടിക്കെതിരെ വിദ്യാര്‍ഥിയുടെ ഭാഗത്തു നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എറണാകുളം ഗവ. ലോ കോളേജില്‍നടന്ന യുണിയന്‍ ഉദ്ഘാടന ചടങ്ങില്‍ സിനിമ താരത്തിന് നേരെ വിദ്യാര്‍ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.- ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.