അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ പരിക്ക്, ആനപ്രേമികള്‍ സുപ്രീംകോടതിയിലേക്ക് ; ഇടപെട്ട് സ്റ്റാലിന്‍

  1. Home
  2. Trending

അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ പരിക്ക്, ആനപ്രേമികള്‍ സുപ്രീംകോടതിയിലേക്ക് ; ഇടപെട്ട് സ്റ്റാലിന്‍

arikomban


കമ്പം ജനവാസ കേന്ദ്രത്തില്‍ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.. അതേസമയം കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. നിലവില്‍ അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാനാണ് ശ്രമം. ഇതിനായുള്ള ഉത്തരവ് പുറത്തിറങ്ങി.

കമ്പത്തുനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിഷന്‍ അരിക്കൊമ്പനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇതിനായി മൂന്ന് കുങ്കിയാനകളുമായി മുതുമലയില്‍നിന്നും ആനമലയില്‍നിന്നും വനംവകുപ്പ് പുറപ്പെട്ടു. അതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവു പറ്റിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വാഹനങ്ങള്‍ കുത്തിമറിക്കുമ്പോഴുണ്ടായ പരിക്കെന്നാണ് സൂചന.

തമിഴ്‌നാട് സാധാരണ ഗതിയില്‍ പരാക്രമകാരികളായ ആനകളെ പിടിച്ച് കുങ്കിയാനകളാക്കുകയാണ് പതിവ്. എന്നാല്‍ അരിക്കൊമ്പനെ എന്തുചെയ്യണമെന്നുള്ള കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അതേസമയം കേരളത്തിന്റെ വനംവകുപ്പും അരിക്കൊമ്പന്റെ പരാക്രമത്തെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചാല്‍ എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. തമിഴ്‌നാട് അരിക്കൊമ്പനെ പിടികൂടി ഏതെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍, അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടേക്കും. ഇക്കാര്യങ്ങളില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

വന്യമൃഗങ്ങള്‍ കമ്പം ടൗണിലിറങ്ങുന്നത് പതിവില്ലാത്തതാണ്. അതുകൊണ്ടുതന്നെ അരിക്കൊമ്പന്‍ ടൗണിലെത്തിയതറിഞ്ഞ് വിവിധ ഇടങ്ങളില്‍നിന്ന് ആളുകള്‍ എത്തിയിട്ടുണ്ട്. ഇത് അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം ദുഷ്‌കരമാക്കും. നിലവില്‍ പുളിമരത്തോട്ടത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്.

അതേസമയം അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതിനെതിരേ ആനപ്രേമികള്‍ രംഗത്തെത്തി. ഹൈക്കോടതി നിലനില്‍ക്കേ അരിക്കൊമ്പനെ പിടിക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആനപ്രേമികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഉത്തരവ് തമിഴ്‌നാട് സര്‍ക്കാരിന് ബാധകമാകില്ല. അതേസമയം ചെന്നൈ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ പാലിച്ചുകൊണ്ടായിരിക്കും തമിഴ്‌നാട് അരിക്കൊമ്പനെതിരെ നടപടിയെടുക്കുക.