മദ്യനയക്കേസിലെ അറസ്റ്റ്: കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് സുപ്രീംകോടതിയിൽ മറുപടി നല്‍കും

  1. Home
  2. Trending

മദ്യനയക്കേസിലെ അറസ്റ്റ്: കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് സുപ്രീംകോടതിയിൽ മറുപടി നല്‍കും

kejriwal


ഡൽഹി മദ്യനയ അഴിമതിയിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും. ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു.

കെജ്രിവാളിന്‍റെ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ, കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല,

സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 9 നാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്.

കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.