മോഷണത്തിന് പിടിയിലായി,കോടതി നല്ലനടപ്പിന് വിധിച്ചു; കള്ളൻ പോലീസായി മാറി

  1. Home
  2. Trending

മോഷണത്തിന് പിടിയിലായി,കോടതി നല്ലനടപ്പിന് വിധിച്ചു; കള്ളൻ പോലീസായി മാറി

police


ഗത്യന്തരമില്ലാതെയായിരുന്നു കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിനിറങ്ങിയത്. കന്നി മോഷണത്തിന് തിരഞ്ഞെടുത്തത് അയല്‍പക്കത്തെ വീടും. എന്നാല്‍, പരിചയസമ്പന്നനല്ലാത്തതിനാല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ പിടിക്കപ്പെട്ടു. പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

യുവാവിന്റെ കുടുംബപശ്ചാത്തലവും മോഷണംനടത്തിയ സാഹചര്യവും മനസ്സിലാക്കിയ കോടതി അയാളെ നല്ലനടപ്പിനുവിട്ടു. കോടതിയുടെ ആ തീരുമാനം അയാളുടെ ജീവിതം മാറ്റിമറിച്ചു. പിന്നെ പഠനത്തിലായി ശ്രദ്ധ. പി.എസ്.സി. എഴുതി ജയിച്ചു. പോലീസായി.

നല്ലനടപ്പ് ആര്‍ക്കൊക്കെ

ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ക്കൂടി കേസിന്റെ സാഹചര്യം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂര്‍വചരിത്രം, സമൂഹവുമായുള്ള ഇടപെടലുകള്‍ എന്നിവ കണക്കിലെടുത്ത് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജയില്‍ശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് അയക്കുന്നത്.

ഇതുവഴി സ്വന്തം കുടുംബത്തിലും സമൂഹത്തിലും നല്ലനിലയില്‍ ജീവിക്കാന്‍ അവസരംനല്‍കുകയാണ്1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സസ് ആക്ടിലെ 'നല്ലനടപ്പ്' കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഴുവര്‍ഷത്തില്‍ കുറവ് ശിക്ഷലഭിക്കുന്ന, കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെയാണ് പരിഗണിക്കുന്നത്. ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും വേണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം ജയില്‍ശിക്ഷ ഒഴിവാക്കി ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷ കാലയളവില്‍ നല്ലനടപ്പിന് അയക്കാം. 18 വയസ്സിന് മുകളിലുള്ളവരെയാണ് പരിഗണിക്കുക.