ആര്യ രാജേന്ദ്രൻ കഴിവുള്ള പെൺകുട്ടി; നടത്തുന്നത് സമാനതകളില്ലാത്ത വികസനം; ഡെപ്യൂട്ടി മേയർ പി.കെ.രാജു

  1. Home
  2. Trending

ആര്യ രാജേന്ദ്രൻ കഴിവുള്ള പെൺകുട്ടി; നടത്തുന്നത് സമാനതകളില്ലാത്ത വികസനം; ഡെപ്യൂട്ടി മേയർ പി.കെ.രാജു

arya-rajendran


ആര്യ രാജേന്ദ്രൻ കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു. മേയറുടെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം നടന്നതിനു പിന്നാലെയാണ് മേയർക്ക് രക്ഷാകവചം തീർത്ത് സിപിഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘‘ഇതുപോലൊരു ഭരണം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സമാനതകളില്ലാത്ത വികസനമല്ലേ ഞങ്ങളുടെ നേതൃത്വത്തിൽ‌ നടക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ 5000 കോടിയിലധികം രൂപയുടെ വികസനമാണ് നഗരത്തിൽ നടന്നത്. അങ്കണവാടികൾ മുതൽ വികസനം നടപ്പാക്കിയ ഭരണസമിതിയാണ് ഇത്’’– പി.കെ. രാജു മനോരമ ഓൺലൈനിനോട് പറഞ്ഞു.


സിപിഎം ജില്ലാ കമ്മിറ്റിയിൽ ആര്യയ്ക്കെതിരെ ഒരു വിമർശനവും നടന്നിട്ടില്ല. ഇതൊക്കെ കെട്ടുകഥകളല്ലേ. ഇനിയും ഇതുപോലെ കെട്ടുകഥകൾ ഉണ്ടാകും. പല കഥകളും പുറത്തിറക്കി പലരും ഈ ഭരണത്തെ തകർ‌ക്കാൻ നോക്കി. ആര്യയ്ക്കെതിരെ ആരും ഒരു വിമർശനവും നടത്തിയിട്ടില്ല. ഇതിനുമുൻപ് സിപിഐ ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി എന്നൊക്കെയായിരുന്നു വാർത്ത. എന്നാൽ ഞങ്ങളുടെ കമ്മിറ്റിയിലും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ വരെ രാഷ്ട്രീയം നോക്കാതെ വികസനം എത്തിച്ച ഭരണസമിതിയാണ് ഇത്’’– പി.കെ.രാജു പറഞ്ഞു.