നിയമലംഘന സമരത്തിലേക്ക് ആശാ പ്രവർത്തകർ; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധം; സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്

ഒരു മാസം തികയുന്ന ആശാ പ്രവർത്തകരുടെ സമരത്തോട് സർക്കാർ മുഖംതിരിച്ചുനിൽക്കെ, നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് പ്രവർത്തകർ കടക്കുന്നു. മാർച്ച് 17 ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനാണ് ശ്രമം. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചു.
കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എംഎ ബിന്ദുവാണ് കെഎൻ ഗോപിനാഥിന് വക്കീൽ നോട്ടീസ് അയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് കുടയ്ക്കൊപ്പം ഉമ്മയും കൊടുത്തോയെന്ന പരാമർശം അടിയന്തിരമായി പിൻവലിച്ച് പരസ്യമായി ക്ഷമാപണം പത്രത്തിൽ പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം. ഈ മാസം മൂന്നിനാണ് കെ.എൻ. ഗോപിനാഥ് ആശമാരെ അധിക്ഷേപിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് തുടരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.