സസ്‌പെന്‍ഷനിലായതിന് എസ്‌ഐയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭവം; എഎസ്‌ഐ അറസ്റ്റില്‍

  1. Home
  2. Trending

സസ്‌പെന്‍ഷനിലായതിന് എസ്‌ഐയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭവം; എഎസ്‌ഐ അറസ്റ്റില്‍

policeസ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ ഫോണില്‍ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സസ്‌പെന്‍ഷനിലായ  മംഗലപുരം എഎസ്‌ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട്  ജാമ്യത്തില്‍ വിട്ടു.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മംഗലപുരം സ്റ്റേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സാജിദിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. കൂടാതെ തെറി വിളിക്കുകയും ചെയ്തു. സാജിദ്  കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജയനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മംഗലപുരം സ്റ്റേഷനില്‍ സ്വീപ്പര്‍ ഒഴികെ ബാക്കി 31 പൊലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്എച്ച് ഒ അടക്കം ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയുമായിരുന്നു. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാര്‍ട്ടിയിലെ സന്ദര്‍ശനം, വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കല്‍ അടക്കം പൊലീസിന്റെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച്- ഇനറലിജിനസ് റിപ്പോര്‍ട്ടുകളിലുള്ളത്.