നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' ഇന്ന് മുതൽ; ഏപ്രിൽ നാല് വരെ തുടരും

  1. Home
  2. Trending

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' ഇന്ന് മുതൽ; ഏപ്രിൽ നാല് വരെ തുടരും

election


കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമായി ഏർപ്പെടുത്തിയ 'വീട്ടിൽ വോട്ട്' (Home Voting) സൗകര്യം ഇന്ന് ആരംഭിക്കും. ഏപ്രിൽ നാല് വരെയാണ് ഈ സൗകര്യം ലഭ്യമാകുക. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ച വോട്ടർമാർക്കാണ് ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച മൊബൈൽ പോളിംഗ് ടീമിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുക. ഒരു പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടർമാരുടെ വീടുകളിലെത്തുക. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. പോളിംഗ് സംഘം വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. ആദ്യതവണ പോളിംഗ് സംഘം എത്തുമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ, രണ്ടാമതൊരു അവസരം കൂടി നൽകുന്നതിനായി മറ്റൊരു തീയതി നിശ്ചയിക്കുന്നതാണ്.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹരായവരുടെ പട്ടിക നേരത്തെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കൈമാറിയിട്ടുണ്ട്. വോട്ടെടുപ്പ് പൂർണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടായിരിക്കും നടത്തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പോളിംഗ് ബൂത്തിൽ എത്താതെ തന്നെ തങ്ങളുടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാൻ ഇതിലൂടെ സാധിക്കും.