നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ 70 സീറ്റുകളില്‍ ധാരണ; ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സുപ്രധാന തീരുമാനമായി. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയായതായാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്ന ചര്‍ച്ചയിലാണ് 70 സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന ബാക്കി സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സി.ഇ.സി.യെ (CEC) ചുമതലപ്പെടുത്തിയിരിക്കുകയാണ് കേരള നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ എം.പി.മാര്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഹൈക്കമാന്‍ഡിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തങ്ങള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് ചൂണ്ടിക്കാട്ടി പല എം.പി.മാരും നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, എം.പി.മാരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വൈകുന്നേരത്തോടെ ബാക്കി സീറ്റുകളിലും വ്യക്തത വരുന്നതോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
അതേസമയം, പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ. സുധാകരന്‍ ഇന്ന് ഡല്‍ഹിയിലെത്തും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരിഹരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐക്യത്തോടെ മുന്നോട്ട് പോകാനുമാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. വരും മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം വ്യക്തമാക്കും.
