കവിതയുടെ പേരിൽ സഹായിക്കെതിരെ കേസെടുത്തു; തമിഴ്നാട് പോലീസിനെതിരെ പാ രഞ്ജിത്

  1. Home
  2. Trending

കവിതയുടെ പേരിൽ സഹായിക്കെതിരെ കേസെടുത്തു; തമിഴ്നാട് പോലീസിനെതിരെ പാ രഞ്ജിത്

pa-ranjith-against-tamil-nadu-police-malakkuzhi-maranam-poem-pa-ranjith-s-asst-director-in-trouble


കവിതയുടെ പേരിൽ തന്റെ സംവിധാനസഹായി വിടുതലൈ സിഗപ്പിക്കെതിരെ എഫ്.ഐ.ആർ. ഇട്ട തമിഴ്നാട് പോലീസിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പാ രഞ്ജിത്. പാ രഞ്ജിത്തിന്റെ നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വാനം ആർട്സ് ഫെസ്റ്റിവലിൽ ആലപിച്ച കവിതയുടെ പേരിലായിരുന്നു വിടുതലൈ സി​ഗപ്പിക്കെതിരെ നടപടി എടുത്തത്. അദ്ദേഹം തന്നെ എഴുതിയ മലക്കുഴി മരണം എന്ന ആക്ഷേപഹാസ്യ രൂപേണയുള്ള കവിതയിലെ ചില ഭാ​ഗങ്ങൾ ഹിന്ദുവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഭാരത് ഹിന്ദു മുന്നണിയാണ് പോലീസിൽ പരാതി നൽകിയത്. 

എന്നാൽ തോട്ടിപ്പണി കാരണം രാജ്യത്തുടനീളം ഉണ്ടായ മരണങ്ങളെ അപലപിക്കുകയാണ് കവിതയിൽ ചെയ്തതെന്ന് പാ രഞ്ജിത് വ്യക്തമാക്കി. മാൻഹോളുകളിൽ ദൈവങ്ങൾ ഇറങ്ങി ജോലി ചെയ്താലും ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് പറയുന്ന കവിതയാണ് ഡോ. ബി.ആർ. അംബേദ്കറുടെ പാത പിന്തുടരുന്ന വിടുതലൈ സി​ഗപ്പി ആലപിച്ചത്. വലതുപക്ഷ സംഘടനകൾക്ക് ഈ കവിതയുടെ സന്ദർഭമോ അർത്ഥമോ മനസിലാവില്ല. സമ്മർദ്ദങ്ങൾക്ക് തമിഴ്നാട് പോലീസ് വഴങ്ങിയെന്നും പാ രഞ്ജിത് ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 53 കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം, 153A (1)(a) മതസ്പർദ്ധയുണ്ടാക്കൽ, 295 എ മതവികാരങ്ങളെ പ്രകോപിപ്പിക്കൽ, 505 (1) (ബി) പൊതുജനങ്ങൾക്കിടയിൽ ഭയമോ ആശങ്കയോ ഉണർത്തൽ, 505 (2) വർഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് സി​ഗപ്പിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ദളിത് ഹിസ്റ്ററി മാസാചാരണത്തിന്റെ ഭാ​ഗമായി വാനം ആർട്സ് ഫെസ്റ്റിവൽ നടന്നത്