ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസ്: കൊട്ടിയം സ്വദേശിയായ ഒരാൾ അറസ്റ്റിൽ; മറ്റ് പ്രതികള്‍ക്കായി അന്വേഷണം

  1. Home
  2. Trending

ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസ്: കൊട്ടിയം സ്വദേശിയായ ഒരാൾ അറസ്റ്റിൽ; മറ്റ് പ്രതികള്‍ക്കായി അന്വേഷണം

hourse


 കൊല്ലം പള്ളിമുക്കിൽ ​ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽഅമീൻ. സംഭവത്തിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും  പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം തുടരുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.