അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവ് ശിക്ഷ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ ധാക്ക കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചു. മൂന്ന് തട്ടിപ്പ് കേസുകളിലായി ഏഴ് വർഷം വീതം തടവാണ് ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അൽ മാമുൻ ശിക്ഷയായി വിധിച്ചത്.
ധാക്കയിലെ പുർബച്ചൽ പ്രദേശത്ത് സർക്കാർ ഭൂമി നിയമവിരുദ്ധമായി കുടുംബാംഗങ്ങൾക്ക് അനുവദിച്ചു എന്ന ആരോപണത്തിൽ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (ACC) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനയ്ക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും.
ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസദ് ജോയിക്ക് കോടതി അഞ്ച് വർഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും വിധിച്ചു. മകൾ സൈമ വാസദ് പുട്ടുലിനും കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ, 2024 ജൂലൈയിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ.സി.ടി.) ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.
