ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള അനുകൂല്യങ്ങൾ ; കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച, ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങിയില്ല

ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.
ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മിൽ തർക്കമായി. പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികൾക്ക് ഏകീകൃത സ്വഭാവം വേണമെന്നുള്ളതായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.
പേരുമാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. രാഷ്ട്രീയ നിലപാടായി തന്നെ അത് ഉയര്‍ത്തികാട്ടുകയും ചെയ്തു. ആദ്യഘട്ടത്തിൽ എതിർത്ത തമിഴ്നാട് ഉൾപ്പെടുള്ള സംസ്ഥാനങ്ങൾ പിന്നീട് വഴങ്ങി മുഴുവൻ തുകയും നേടിയെടുത്തു. കേരളം ഒടുവിൽ ബ്രാൻഡിങ് ചട്ടങ്ങള്‍ പാലിച്ചപ്പോഴേക്കും 636 കോടി രൂപ ലാപ്സായി. കേന്ദ്രം തുക നൽകിയില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കിയെന്നുള്ളതാണ് കേരളത്തിന്‍റെ അവകാശവാദം.